Me

Me
Magician

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

2021 ഓഗസ്റ്റ് 1, ഞായറാഴ്‌ച

ഭൂഗോളത്തിന്റെ മറുഭാഗത്തേക്ക് - 4

 ഭൂഗോളത്തിന്റെ മറുഭാഗത്തേക്ക് - 4


ഇനി അറ്റ്ലാന്റിക്കിനു മുകളിലൂടെയാണ് യാത്ര. വീണ്ടും ഭക്ഷണം. 

നമ്മളെ ഉറക്കാനുള്ള ശ്രമത്തിലായി വിമാന ജീവനക്കാർ. ജനാലകൾ ഒക്കെ അടപ്പിച്ചു. പുതപ്പ് തന്നു. വെളിച്ചത്തെ പ്രതിരോധിക്കാൻ കണ്ണിനു മുകളിൽ വെക്കാനുള്ള ഫ്ലാപ്പ് തന്നു. തണുപ്പ് തടയാൻ സോക്സ് , ചെവി അടയ്ക്കാനുള്ള ഇയർ പ്ലഗ്  എന്നിവ തന്നു. ഏതാണ്ട് ഒൻപതു മണിക്കൂർ കടലിനു മീതെ പറന്നു വേണം ന്യൂയോർക്കിൽ എത്താൻ. എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചിലർ സിനിമ കാണുന്നു. പുറത്തേക്ക് നോക്കിയാൽ ഒന്നും കാണാനില്ല.മാത്രമല്ല തീക്ഷ്ണമായ സൂര്യപ്രകാശവും. ഞാനും അല്പം മയങ്ങിപ്പോയി. അപ്പോഴാണ് എയർഹോസ്റ്റസ് ഒരു പ്രായം ചെന്ന അമേരിക്കക്കാരിയെയും കൊണ്ട് അടുത്തുവന്നത്. അവരുടെ കാലിന് നല്ല നീരാണ്. അതു കൊണ്ട് കാല് നീട്ടി വച്ച് ഇരിക്കാൻ പറ്റിയ ഒരു സീറ്റ് അന്വേഷിച്ച് കണ്ടെത്തിയതാണ്. തൊട്ടടുത്ത സീറ്റിലിരുന്ന് അവർ വർത്തമാനം തുടങ്ങി. എന്താണ് ഞാൻ കുടുംബ സമേതമല്ലാതെ ഒറ്റക്ക് വന്നത് എന്നാണ് കക്ഷിക്ക് അറിയേണ്ടത്. എന്തായാലും ഒരു മണിക്കൂറോളം എന്നെ വധിച്ചു. ന്യൂയോർക്കിനു മുകളിലെത്തിയപ്പോൾ  താഴത്തെ കാഴ്ചകൾ പകർത്തുന്നതിലേക്കായി എന്റെ ശ്രദ്ധ. അങ്ങനെ വിമാനം അമേരിക്കയുടെ മണ്ണിൽ തൊട്ടു. ഇനി ഇമിഗ്രേഷൻ എന്ന കടമ്പ കടക്കണം. പലരും പറഞ്ഞ് അമേരിക്കയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെക്കുറിച്ച് ഒരു ഭീകര ചിത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്‌.എന്നാൽ ഞാൻ ചെന്നുപെട്ടത് വളരെ  നന്നായി പെരുമാറുന്ന രണ്ടു പേരുടെ മുന്നിലാണ്. എന്താണ് ആഗമനോദ്ദേശ്യം എന്ന ചോദ്യത്തിന് മാജിക് കൺവെൻഷനാണ് എന്നു പറഞ്ഞപ്പോൾ ഒരാൾ സൂപ്പർവൈസറോട് " ഓഫീസർ, ഇദ്ദേഹം നിൽക്കുന്ന നിൽപ്പിൽ അപ്രത്യക്ഷനായേക്കും "എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് ഡിസംബർ 31 വരെ താമസം അനുവദിച്ച്  പാസ്പോർട്ട് സീൽ ചെയ്തു തന്നു. 

പിന്നീട് എയർപോർട്ട് വൈഫൈ കിട്ടാനുള്ള ശ്രമമായി. ഒരു രക്ഷയുമില്ല. പുറത്തിറങ്ങുകയും ചെയ്തു. പിന്നെ, വരുന്നതു വരട്ടെ എന്നു കരുതി അവിടെത്തന്നെ നിന്നു. ഏതാനും നിമിഷങ്ങൾക്കകം പരേഷും നീനുവും കൊച്ചു മാളൂസിനെയും കൊണ്ട് പ്രത്യക്ഷപ്പെട്ടു. എന്തൊരു ആശ്വാസം! .അവരുടെ കാറിൽ എയർപോർട്ടിൽ നിന്ന് പുറത്തേക്ക്. പാർക്കിങ്ങ് ലോട്ടിൽ നിന്ന് പുറത്തേക്കുള്ള വഴിയിൽത്തന്നെ ഒരു പെൺകുട്ടി വാഹനത്തിനു മുമ്പിലൂടെ ക്രോസ് ചെയ്തു. പരേഷ് കാർ നിർത്തി അവരെ സാവധാനം ക്രോ സ് ചെയ്യാനനുവദിച്ചു. അമേരിക്കയുടെ ഡ്രൈവിങ്ങ് സംസ്കാരം മനസ്സിലാക്കാൻ ആ ഒരു സംഭവം മതിയായിരുന്നു. 

എന്നെ ഏറ്റവുമധികം വിസ്മയിപ്പിച്ച ഒരു സത്യം അന്നു രാവിലെ ആറരക്ക് കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച ഞാൻ ഇരുപത്തിരണ്ട് മണിക്കൂർ യാത്ര ചെയ്ത് അന്നു തന്നെ വൈകിട്ട് ആറേമുക്കാലിന് ഭൂഗോളത്തിന്റെ മറുഭാഗത്തെത്തി എന്നതാണ്.