ഭൂഗോളത്തിന്റെ മറുഭാഗത്തേക്ക്- 2
അമേരിക്കയിൽ ന്യൂ ജേഴ്സിയിൽ ഞങ്ങളുടെ വളരെ അടുത്ത ഒരു കുടുംബ സുഹൃത്തുണ്ട്. പരേഷും സംഗീത ( നീനു എന്ന് വിളിക്കും) യും. അദ്ദേഹം കുടുംബവും ഞങ്ങളുടെ ബന്ധുക്കളും പോരാത്തതിന് സീമയുടെ ബിസിനസ് പങ്കാളികളും കൂടിയാണ്. ഞാൻ അമേരിക്കയിലേക്ക് വരുന്ന കാര്യം സൂചിപ്പിച്ചപ്പോൾത്തന്നെ അവർ ആവേശഭരിതരായി. അവരുടെ ഒപ്പം കുറച്ചു ദിവസം തങ്ങണമെന്നായി അവർ.
ഓൺലൈനായി കുവൈറ്റ് എയർവേയ്സിൽ കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള പോക്കുവരവു ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പായിരുന്നു. മാജിക്കിന്റെ കൺവെൻഷനായതു കൊണ്ട് ആദ്യം വിവരം പറഞ്ഞത് മലയാളത്തിന്റെ സ്വന്തം വിസ്മയ രാജകുമാരനായ മുതുകാടിനോടാണ്. എന്റെ ഒരു ജ്യേഷ്ഠനു തുല്യനായി ഞാൻ കരുതിപ്പോരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് ക്ഷണം കിട്ടിയിരുന്നെങ്കിലും പങ്കെടുക്കണോ എന്ന് തീർച്ചപ്പെടുത്തിയിരുന്നില്ല. അദേഹവും ട്രൂപ്പിലെ ടെക്നിക്കൽ മാനേജർ ഭരതരാജനും ജൂൺ 20 മുതൽ 30 വരെ ഫോമ കൺവെൻഷനുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഉണ്ടെന്നുപറഞ്ഞപ്പോൾ എന്തുകൊണ്ട് ഒരാഴ്ച കൂടി തങ്ങിക്കൂടാ എന്നു ഞാൻ ചോദിച്ചു. അവസാനം അവർ രണ്ടു പേരും പങ്കെടുക്കാൻ തീരുമാനിച്ചു.
ജൂലൈ ഒന്നിന് രാവിലെ അഞ്ചു മണിക്ക് പുറപ്പെടേണ്ട കുവൈറ്റ് എയർവേയ്സ് വിമാനം ഒന്നര മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഞാൻ നേരത്തെ തന്നെസീറ്റ് ബ്ലോക്ക് ചെയ്തിരുന്നെങ്കിലും കൗണ്ടറിലിരുന്ന ചെറുപ്പക്കാരൻ അത് മുൻ നിരയിലേക്ക് മാറ്റിത്തന്നു. കുവൈത്തിൽ ഇറങ്ങുമ്പോഴുള്ള ട്രാൻസിറ്റ് ടൈം കുറയ്ക്കാനായിരുന്നു ഇത്. ഏതായാലും നന്നായി.എന്റെ നീളമുള്ള കാൽ നിവർത്തു വയ്ക്കാനുള്ള സൌകര്യം കിട്ടി. കുവൈത്തിൽ ഇറങ്ങി ട്രാൻസിറ്റ് ഇമിഗ്രേഷൻ അൽപ്പം സമയമെടുത്തു. സെക്യൂരിറ്റി ചെക്കിന്റെ ശരിയായ രൂപം കാണാനുള്ള ഒരവസരം കിട്ടി. ബെൽറ്റ്, ഷൂ, പേഴ്സ് എല്ലാം പുറത്തെടുത്ത് സർവ്വതന്ത്ര സ്വതന്ത്രനായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ മുമ്പിൽ നിന്നപ്പോൾ ശരിക്കും സമാധാനമാണ് തോന്നിയത്.
എയർപോർട്ടിൽ വൈഫൈ കിട്ടിയില്ല. ഫ്രീ വൈ ഫൈ ഉണ്ടങ്കിലും ട്രാൻസിറ്റ് ലോഞ്ചിൽ റേഞ്ച് കുറവാണ്. കുടുംബത്തോട് സംസാരിക്കാൻ പറ്റാത്തതിന്റെ വിഷമം അറിഞ്ഞു തുടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ