ഭൂഗോളത്തിന്റെ മറുഭാഗത്തേക്ക് - 3
കുവൈത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന വിമാനം വലുതായിരുന്നു. എക്കോണമി ക്ലാസ്സിൽ രണ്ടാം നിരയിലായിരുന്നു എന്റെ ഇരിപ്പിടം. കാലിന്റെ കാര്യം ബുദ്ധിമുട്ടാണ്. കഷ്ടമായല്ലോ എന്നു കരുതി വിഷണ്ണനായി ഇരിക്കുമ്പോൾ അതാ ഒരു സ്ത്രീ എന്നോട് മുൻ നിരയിൽ ഇരിക്കാമോ എന്ന് റിക്വസ്റ്റ് ചെയ്യുന്നു. സന്തോഷമായി. മുൻ നിരയിൽ മൂന്നു സീറ്റിലും കൂടി ഞാൻ മാത്രം.
വളരെ ഇഷ്ടപ്പെട്ട ഒരു കാര്യം വിമാനത്തിന്റെ മുൻഭാഗത്തുള്ള ക്യാമറയിൽ പതിയുന്ന ദ്യശ്യങ്ങൾ നമ്മുടെ മുൻഭാഗത്തുള്ള ഡിസ്പ്ലേയിലൂടെ കാണാമെന്നുള്ളതാണ്. ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്റ് ചെയ്യുമ്പോഴുമുള്ള ഈ തത്സമയ വീക്ഷണം എന്നെപ്പോലെയുള്ള വാഹനക്കമ്പക്കാരെ തീർച്ചയായും ആവേശം കൊള്ളിക്കും.
ഭക്ഷണം വിളമ്പിത്തുടങ്ങി. ഞാൻ നേരത്തെ തന്നെ ഓൺലൈനായി ഹിന്ദു വെജിറ്റേറിയൻ മീൽ ബുക്കുചെയ്തിരുന്നു. ഒരു വ്യത്യസ്ത ഇനമായതുകൊണ്ടാവാം, ആദ്യം കിട്ടിയത് എനിക്കാണ്. സ്വാദിഷ്ടം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും തരക്കേടില്ല . ഒരു ചെറിയ ചപ്പാത്തി, ബ്രെഡ്, ബട്ടർ, പുലാവ്, പിന്നെ കുറച്ച് പഴങ്ങളും.. ഭക്ഷണം കഴിഞ്ഞപ്പോൾ ജനാലയിലൂടെ പുറത്തേക്ക് കണ്ണോടിച്ചു. വടക്കൻ ഗൾഫ് നാടുകളിലൂടെയാണ് യാത്ര.ഇറാക്കിനു മുകളിലൂടെ പറക്കുന്നതായി മുമ്പിലെ സ്ക്രീനിൽ കാണിച്ച മാപ്പിൽ നിന്ന് മനസ്സിലായി. താഴെ മൊസൂൾ. തീവ്രവാദികളുടെ കേന്ദ്രമായ മൊസൂളിനുമുകളിലൂടെയാണ് യൂറോപ്പിലേക്ക് കടക്കുന്നത്. എവിടെയും നരച്ച മരുഭൂമിയും പാറക്കെട്ടുകളും മലകളും മാത്രം. പച്ചപ്പു കാണാൻ തന്നെയില്ല. വിമാനത്തിലിരുന്ന് ഉറങ്ങിയാൽ അവിടെ ചെല്ലുമ്പോൾ ഉറങ്ങാൻ പറ്റില്ലെന്നും ജെറ്റ്ലാഗ് വരുമെന്നു മൊക്കെ പരേഷ് പറഞ്ഞിരുന്നതുകൊണ്ട് ഉറങ്ങാതിരിക്കാൻ പരമാവധി ശ്രമിച്ചു.ജനാലയുടെ ഷട്ടർ അല്പം തുറന്ന് താഴേക്ക് നോക്കി. യൂറോപ്പിനു മുകളിലാണ്. മുകളിൽ നിന്നുള്ള കാഴ്ചയിൽ തന്നെ മനം കവർന്നു യൂറോപ്പ്. നോക്കെത്താ ദൂരത്തോളം പാടങ്ങൾ. ക്യഷി എന്താണാവോ. ഇടയ്ക്കിടെ പുഴകളും ചില വലിയ നഗരങ്ങളും.. ഇനി ഇന്ധനം നിറയ്ക്കാൻ അയർലന്റിലെ ഷാനൺ വിമാനത്താവളത്തിൽ ഇറങ്ങും..ഗോപിയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ് അയർലന്റ്. പുറത്തിറങ്ങി കാഴ്ചകൾ കാണാനുള്ള സമയവും അനുവാദവുമില്ലാത്തതിൽ വിഷമം തോന്നി. സാരമില്ല. ഇനി ഒരിക്കൽ വരാം. ഷാനണിലെ സെക്യൂരിറ്റി ചെക്കും കടുപ്പം തന്നെ. പക്ഷേ ജീവനക്കാരുടെ സമീപനം വളരെ സൌഹാർദ്ദപരമായിരുന്നു. വൈഫൈ കിട്ടി. കുടുംബത്തോട് വാട്സ് ആപ്പ് വഴി സംസാരിച്ചു. അവിടെ രാത്രി പത്തു മണി ആയിരിക്കുന്നു. എനിക്ക് വൈകുന്നേരം അഞ്ചരയായിട്ടേയുള്ളൂ. അയർലന്റിൽ നിന്ന് ടേക്ക് ഓഫ് ചെയ്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ